ഓര്‍ക്കിഡ് കൃഷിയില്‍ വയനാടിന് രണ്ടര പതിറ്റാണ്ടിന്‍റെ പാരമ്പര്യം

Spread the love

ഓര്‍ക്കിഡ് കൃഷിയില്‍ വയനാടിന് രണ്ടര പതിറ്റാണ്ടിന്‍റെ പാരമ്പര്യം

അമ്പലവയല്‍: കൃഷിയെ മാത്രം ആശ്രയിച്ച് നില നില്‍ക്കുന്ന വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയാവുകയാണ് പ്രത്യേക കാര്‍ഷിക മേഖലാ പ്രഖ്യാപനം. പുഷ്പ കൃഷിയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ മേഖലയ്ക്ക് ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷകര്‍ പറയുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഓര്‍ക്കിഡ് സെസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് കൃഷി ആരംഭിച്ചത്. എന്നാല്‍ ഇന്ന് പതിനഞ്ചിലധികം കര്‍ഷകര്‍ മാത്രമാണ് ഈ മേഖലയെ ഉപേക്ഷിക്കാതെ പുഷ്പ കൃഷിയില്‍ നിലനില്‍ക്കുന്നത്. ഹെലിക്കോണിയ, ആന്തൂറിയം, ഓര്‍ക്കിഡ് ഇനങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. കൃഷി ആരംഭിച്ച കാലത്ത് നല്ല രീതിയിലുളള ഏകോപനം ഉണ്ടായിരുന്നുവെന്നും ബാംഗ്ലൂര്‍, ഡെല്‍ഹി എന്നിവടങ്ങളിലേക്ക് പൂക്കള്‍ കയറ്റി അയക്കാറുണ്ടായിരുന്നുവെന്നും ഓര്‍ക്കിഡ് ഗ്രോവേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന പേര്യ ആലാറ്റില്‍ സ്വദേശി ജോര്‍ജ്ജ് എന്ന കര്‍ഷകന്‍ പറഞ്ഞു.

വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്നവര്‍ വിപണന സാധ്യത കുറഞ്ഞതോടെ പുരയിടങ്ങളില്‍ മാത്രമായി കൃഷിയൊതുക്കി. ഫെലനോപ്സിസ് ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ക്കും ഹെലിക്കോണിയയ്ക്കും, ട്രോപ്പിക്കല്‍ റെഡ് വിഭാഗത്തില്‍പ്പെട്ട ആന്തൂറിയത്തിനും വയനാട് വളരെ ഏറെ അനുയോജ്യമാണെന്ന് ഇദ്ദേഹംപറഞ്ഞു. പൂക്കള്‍ക്കൊപ്പം ഇലയ്ക്കും നല്ല ഡിമാന്‍റുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഫോളിയേജ് വിഭാഗത്തില്‍പ്പെട്ട ഡ്രസീനിയ വിഭാഗത്തിലെ ഏഴിനങ്ങളും വയനാട്ടില്‍ നന്നായി കൃഷി ചെയ്യാം. ഓര്‍ക്കിഡുകള്‍ക്കും ആന്തൂറിയത്തിനും ഒരെണ്ണത്തിന് 20 രൂപ കിട്ടുമ്പോള്‍ ഇലകളുടെ ഒരു കട്ടിങ്ങിന് 5 രൂപ ലഭിക്കും. കഠിനാധ്വാനമില്ലാതെ കൃഷി ചെയ്ത് ലാഭമുണ്ടാക്കാമെന്നതാണ് ഇല കൃഷിയുടെ പ്രത്യേകത. കല്‍പ്പറ്റയിലെ അജിത് കുമാര്‍ ജെയ്ന്‍ ഉള്‍പ്പെടെ നിരവധി കര്‍ഷകര്‍ ഇപ്പോഴും ഓര്‍ക്കിഡ്, ആന്തൂറിയം കൃഷി മേഖലകളിലുണ്ട്.

Leave Comment

Your email address will not be published. Required fields are marked *