വയനാടിന്റെ പ്രത്യേക കാർഷിക മേഖല മാർച്ചിൽ നിലവിൽ വരുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ

Spread the love

പുഷ്പകൃഷി, സുഗന്ധ നെൽവിത്ത് സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വയനാട് പ്രത്യേക കാർഷിക മേഖലാ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നുമുതൽ 18 വരെ നടന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പ ഫല സസ്യ പ്രദർശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഷ്പ കൃഷി വികസനത്തിനായി ഗവേഷണ കേന്ദ്രത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കാർഷിക മേഖലയ്ക്കായി മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ല’ പുഷ്പകൃഷിയുടെയും സുഗന്ധ നെൽവിത്ത് ഇനങ്ങളുടെയും മാതൃകാ കേന്ദ്രമായി മാറണം. ജില്ലയ്ക്കാവശ്യമായ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാൻ കേന്ദ്രത്തെ പ്രാപ്തമാക്കും. മാർച്ച് 31 ന് മുമ്പായി എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും ഗവേഷകരുടെ കുറവ് പരിഹരിക്കുതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്യം നിന്നുപോയ ചെറുധാന്യ കൃഷി തിരികെക്കൊണ്ടുവരും. മാർച്ച് മാസത്തിൽ അമ്പലവയലിൽ വച്ച് ഒരു അന്താരാഷ്ട്ര ഓർക്കിഡ് കൃഷി ശിൽപ്പശാല സംഘടിപ്പിക്കും. പൂപ്പൊലി സ്ഥിരം സംവിധാനമാക്കും. അതായത് എല്ലാ വർഷവും ജനുവരി ഒന്നുമുതൽ 18 വരെ പൂപ്പൊലി അമ്പലവയലിൽ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave Comment

Your email address will not be published. Required fields are marked *